കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ പാതയിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നമ്മുടേത്.
പഠനനിലവാരം ഉയർത്താനും കുട്ടികളുടെ സമഗ്ര വികാസം ഉറപ്പാക്കാനും നാം ഒട്ടേറെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

പഠനനിലവാരം ഉയർത്താൻ സബ്ജക്റ്റ് മിനിമം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലും
തുടർന്ന് 5 മുതൽ 9 വരെയുള്ള ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. പഠനലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ടടിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനം.

ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ
പഠനപിന്തുണ നൽകി, ബ്രിഡ്ജ് കോഴ്‌സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും അവരെ
പഠനത്തിൽ മുന്നോട്ട് കൊണ്ടുവരാൻ നാം
പ്രതിജ്ഞാബദ്ധരാണ്. പഠനനിലവാരം ഉറപ്പാക്കാൻ ഡയറ്റും
എസ്.എസ്.കെ.യും അക്കാദമിക പിന്തുണ
നൽകും.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയും അക്കാദമിക മാസ്റ്റർ പ്ലാനും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം കൂടുതൽ ഉയർത്താനും പഠനലക്ഷ്യങ്ങൾ ഉറപ്പാക്കാനും സമഗ്ര ഗുണമേന്മ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിനായി എട്ട് മേഖലകളിലായി വിശദമായ പ്രവർത്തന പദ്ധതി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ, ക്ലാസ്, വ്യക്തിഗത തലങ്ങളിൽ
അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരോ കുട്ടിയുടെയും പഠന പുരോഗതി
ഉറപ്പാക്കാൻ ഇത് അധ്യാപകരെ സഹായിക്കും.ഒട്ടേറെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കിയാണ് നാം ഈ നേട്ടം കൈവരിച്ചത്.
അക്കാദമിക് മോണിറ്ററിംഗിനായി പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും
പരിശീലനം നൽകിയിട്ടുണ്ട്.
കൂടാതെ, സഹിതം പോർട്ടലിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനില നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്.
നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം, ഉറുദു എന്നീ വിഷയങ്ങളിൽ ലഹരിയുടെ
ദൂഷ്യവശങ്ങൾ ഉൾപ്പെടുത്തി.
2025 ജൂൺ 3 മുതൽ 2026 ജനുവരി 30 വരെ നീളുന്ന ഒരു ലഹരിവിരുദ്ധ പ്രവർത്തന കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ (ജൂൺ 26) എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലി നടത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറി. കുട്ടികളുടെ ശാരീരികക്ഷമതക്കായി ലഘുവ്യായാമങ്ങളും സൂംബയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കുന്നതിനുള്ള പരിശീലനം

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ
തിരിച്ചറിയാനും പ്രാഥമിക കൗൺസിലിംഗ്
നൽകാനും നമ്മുടെ അധ്യാപകരെ പ്രാപ്തരാക്കും.
ലഹരി ഉപയോഗം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ മൂവായിരം അധ്യാപകർക്ക്
(മാസ്റ്റർ ട്രെയിനേഴ്‌സ്) ആരോഗ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ച് പരിശീലനം നൽകും. ഹയർ സെക്കന്ററി തലത്തിൽ കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാം ക്ലാസുകൾ നൽകിയിരുന്നു.

*അക്കാദമിക കലണ്ടറും അധിക പ്രവൃത്തി
സമയവും*

രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയന വർഷത്തേക്കുള്ള അക്കാദമിക്
കലണ്ടർ പുറത്തിറക്കി കഴിഞ്ഞു.
എൽ.പി. വിഭാഗത്തിന് നൂറ്റി തൊണ്ണൂറ്റിയെട്ട്
പ്രവൃത്തിദിനങ്ങളും, യു.പി. വിഭാഗത്തിന്
2 അധിക ശനിയാഴ്ചകൾ ഉൾപ്പെടെ ഇരുന്നൂറ്
പ്രവൃത്തിദിനങ്ങളും (ആയിരം ബോധന
മണിക്കൂർ) ഉണ്ടാകും.
ഹൈസ്‌കൂൾ വിഭാഗത്തിന് 6 അധിക ശനിയാഴ്ചകളും ചേർത്ത് ഇരുന്നൂറ്റി നാല് പ്രവൃത്തി ദിനം ഉണ്ടാകും. ഹൈസ്‌കൂൾ വിഭാഗത്തിന് ഇരുന്നൂറ്റി ഇരുപത് പ്രവൃത്തിദിനം (ആയിരത്തി ഒരുന്നൂറ് ബോധന മണിക്കൂർ) ലഭിക്കുന്നതിനായി ഈ ഇരുന്നൂറ്റി നാല് പ്രവൃത്തിദിനങ്ങളിൽ നിന്നും 38 വെള്ളിയാഴ്ചകൾ ഒഴിവാക്കി വരുന്ന നൂറ്റി അറുപത്തിയാറ് പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും അധിക പ്രവൃത്തിസമയം ഉണ്ടാകും. തൽഫലമായി ആയിരത്തി ഒരുന്നൂറ്റി മൂന്ന് ബോധനമണിക്കൂർ ലഭിക്കും.ഒന്നാം പാദവാർഷിക പരീക്ഷ 2025 ഓഗസ്റ്റ് 20 മുതൽ 29 വരെയും, രണ്ടാം പാദവാർഷിക പരീക്ഷ 2025 ഡിസംബർ 11 മുതൽ 19 വരെയും നടക്കും.

സ്‌കൂൾ ഉച്ച ഭക്ഷണം

കേരളത്തിലെ കുട്ടികളിലെ വിളർച്ചയും
അമിതവണ്ണവും കണക്കിലെടുത്ത് സ്‌കൂൾ
ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു.
പോഷകസമൃദ്ധമായ ഭക്ഷണം നിലവിലുള്ള ഫണ്ടിന്റെ പരിധിയിൽ നൽകാനാണ് നാം ലക്ഷ്യമിടുന്നത്.
ഫോർട്ടിഫൈഡ് അരി ഉപയോഗിച്ചുള്ള വിഭവങ്ങൾ, മൈക്രോ ഗ്രീൻസ്, ചെറുധാന്യങ്ങൾ, പ്രാദേശിക പച്ചക്കറികൾ എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിഷ്‌കരിച്ച മെനു സ്‌കൂൾ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം.
എല്ലാ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലും 2025 ഓഗസ്റ്റ് 15-നകം സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻ നിർബന്ധമായും ആരംഭിക്കാൻ നിർദ്ദേശം
നൽകിയിട്ടുണ്ട്.

*ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ
പാഠപുസ്തകങ്ങൾ പുതുക്കൽ*

ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ
ക്ലാസുകളിലെ 80 പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനോടകം വിഷയ വിദഗ്ധരെയും അധ്യാപകരെയും ഉൾപ്പെടുത്തി രണ്ട് ശില്പശാലകൾ നടത്തിക്കഴിഞ്ഞു.
2025 ജൂലൈയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ചർച്ചകളും ശില്പശാലകളും സംഘടിപ്പിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

മേളകൾ നടത്തിപ്പ്

കേരള സ്‌കൂൾ കലോത്സവ മാന്വലിൽ ചില
സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
• ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ
ഉൾപ്പെടെ) മത്സരിക്കാം.
• സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന
ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും
പി.ടി.എ. ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ
ഹെഡ്മാസ്റ്റർമാർക്ക്/പ്രിൻസിപ്പൽമാർക്ക്
അധികാരമുണ്ട്.
• അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ ആയിരം
രൂപയും, ഉപജില്ലാ തലത്തിൽ രണ്ടായിരം
രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ അയ്യായിരം രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും.
• നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക്
എന്നിവ മാത്രമേ ഉപയോഗിക്കാവൂ.
• ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു
കഴിഞ്ഞു, കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്.

മറ്റ് പ്രധാന വിഷയങ്ങൾ

· സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റ നടപടികൾ ഓൺലൈനായി നടത്തുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു.
· വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നിർബന്ധമായും നടത്തണം. ഇങ്ങനെ ഏതെങ്കിലും വിഷയത്തിൽ പഠനപിന്തുണ വേണ്ടുന്ന കുട്ടികളെ കണ്ടെത്തി അത് നൽകണം.
· സ്‌കൂളുകളിൽ പി.റ്റി.എ. / മദർ പി.റ്റി.എ., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി അക്കാദമിക് സപ്പോർട്ടിംഗ് കമ്മിറ്റികൾ രൂപീകരിക്കരണം. ഇതിന്റെ കൺവീനർ വാർഡ് കൗൺസിലർ/മെമ്പർ ആകണം.
· അക്കാദമിക മാസ്റ്റർ പ്ലാൻ കൃത്യമായി നടപ്പാക്കണം. എം.എൽ.എ, എം.പി., തദ്ദേശസ്വയംഭരണ പ്രതിനിധികൾ എന്നിവരെ ഇതിന്റെ ഭാഗമാക്കണം.
· അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പകർപ്പ് വിദ്യാർത്ഥികൾക്ക് നൽകും.
· ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ., എന്നിവർ കൃത്യമായ ഇടവേളകളിൽ സ്‌കൂൾ സന്ദർശിക്കും.
· ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളിന്മേൽ ഒരു കാരണവശാലും കാലതാമസം വരുത്തരുത്.
· ജൂലൈ 31 ന് മുമ്പ് ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ. തലത്തിലുള്ള നിയമ കുരുക്കുകൾ ഇല്ലാത്ത പെന്റിംഗ് ഫയലുകൾ തീർപ്പാക്കണം.
· വിദ്യാഭ്യാസ ഓഫീസുകൾക്ക് ഒരു ഫ്രണ്ട് ഓഫീസ് ഉണ്ടാകണം. ആയത് എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാൻ പര്യാപ്തമായതായിരിക്കണം.
· ദേശീയ തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ അറുപത്തിയഞ്ചേ പോയിന്റ് മൂന്നേ മൂന്ന് പോയിന്റോടെ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ഈ മാസം പത്താം തീയതി എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദ ദിനമായി ആചരിക്കും. വിജയാഹ്ലാദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കും.

സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം

സോഷ്യൽ മീഡിയ വഴി എന്റെ പേരിൽ ഒരു വ്യാജപ്രചരണം നടക്കുന്നുണ്ട്.
വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.
ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.