A comprehensive transport plan will be implemented in Thiruvananthapuram

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും

തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കും. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ(സി.എം.പി.) കരട് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ആയിരുന്നു പ്രഖ്യാപനം.

നഗരത്തിന്റെ ഗതാഗത വികസനത്തിന് മോണോ റെയിൽ, മെട്രോ റെയിൽ, മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയുടെ സാധ്യതകൾ പരിശോധിക്കും. തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര നഗരസഭ, എട്ടു ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണു സമഗ്ര ഗതാഗത പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു ചർച്ച ചെയ്തു. വനിതാ ശിശു സൗഹൃദ കോറിഡോർ, വിഴിഞ്ഞം പദ്ധതി, എയർപോർട്ട് എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചുള്ള ഗതാഗത വികസനം, എലിവേറ്റഡ് ഹൈവേ, തിരുവനന്തപുരം, നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നിവയും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ചർച്ചയിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ, പദ്ധതിയുടെ കരട് അവതരണവും തുടർ ചർച്ചകളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.

പദ്ധതിയുടെ കരട് റിപ്പോർട്ട് കെ.എം.ആർ.എൽ. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.