ബജറ്റിൽ തൊഴിലും തൊഴിലാളി ക്ഷേമവും
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 8293 സ്ഥിരം നിയമനങ്ങളും 34859 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നൽകുകയുണ്ടായി.
ഈ സർക്കാരിൻ്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തി പതിനായിരത്തോളം നിയമന ശിപാർശകൾ നൽകിക്കഴിഞ്ഞു. പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു.
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണ്.
ഈ സർക്കാർ വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുബങ്ങൾക്കും ഇതുവരെ 2764.37 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് ബജറ്റിൽ വകയിരുത്തിയതിനു പുറമേ 20 കോടി രൂപ അധികമായി അനുവദിക്കുന്നു.
തൊഴിലും തൊഴിലാളി ക്ഷേമവും എന്ന മേഖലയ്ക്കായി ആകെ 538.44 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻവർഷത്തേക്കാൾ 50 കോടി രൂപ അധികമാണ്.
പരമ്പരാഗത തൊഴിൽ മേഖലയായ ബീഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കയർ എന്നിവയിലെ തൊഴിലാളികൾക്ക് 1250/- രൂപ
വീതം സാമ്പത്തിക സഹായം നൽകുന്ന ഇൻകം സപ്പോർട്ട് സ്കീമിന് 100 കോടി രൂപ വകയിരുത്തുന്നു.
അതിഥി തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനം നടപ്പിലാക്കുന്ന അപ്നാ ഘർ, ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയ്ക്കായി 5.50 കോടി വകയിരുത്തുന്നു.
വ്യാവസായിക പരിശീലന വകുപ്പ് മുഖേന iSTEP -ന് കീഴിൽ പുതിയ മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും, നിലവിലുള്ള വെബ്സൈറ്റ് നവീകരിക്കുന്നതിനും ആസ്തി പരിപാലന സോഫ്റ്റ്വെയറിനും ഉൾപ്പെടെ KASE-ന്റെ വിവിധ പ്രവർത്തന ങ്ങൾക്കായി 33 കോടി രൂപ വകയിരുത്തുന്നു.
ഐ.ടി.ഐ. കളുടെ ആധുനികവൽക്കരണത്തിനായി 25 കോടി രൂപ വകയിരുത്തുന്നു.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് ഐ.ടി.ഐ.-യ്ക്ക് കെട്ടിടം നിർമ്മിക്കാൻ 2 കോടി രൂപ വകയിരുത്തുന്നു.
ഐ.ടി.ഐ.-കളിലെ വിദ്യാർത്ഥികൾക്ക് പ്രോട്ടീൻ സമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻ വർഷത്തെ വിഹിതത്തേക്കാൾ 6 കോടി രൂപ അധികമാണ്.
ശരണ്യ സ്വയംതൊഴിൽ പദ്ധതിക്ക് 17 കോടി രൂപ വകയിരുത്തുന്നു.
കിലെയെ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതാണ്. അതിനായുള്ള ഒരു കോടി രൂപ ഉൾപ്പെടെ കിലെയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തുന്നു.