uniform before midsummer; New history in free handloom school uniform project

അടുത്ത അധ്യയന വർഷത്തേക്ക് സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂൾ യൂണിഫോം മധ്യവേനലവധിക്ക് മുമ്പ് വിതരണം പൂർത്തിയാക്കും. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.ആകെ 10 ലക്ഷം കുട്ടികൾക്കായി 42.5 ലക്ഷം മീറ്റർ തുണിയാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുക. 2023-24 അധ്യയന വർഷത്തിൽ പദ്ധതിയ്ക്കായി 140 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയത്.

പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാന്റക്‌സും, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. നിലവിൽ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. സൗജന്യ യൂണിഫോം പദ്ധതിയ്ക്കായി ആരംഭഘട്ടം മുതൽ ഇതുവരെ 469 കോടി രൂപയാണ് അനുവദിച്ച് നൽകിയിട്ടുളളത്. ഇതിൽ നിന്നും 284 കോടി രൂപ നെയ്ത്തുകാർക്ക് കൂലിയിനത്തിൽ വിതരണം ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട്.