അതിഥി പോർട്ടൽ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു
സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25000 കടന്നു. തൊഴിലാളികളുടെ സമ്പൂർണ വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളി രജിസ്‌ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കും. രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. ആപ്പ് നിലവിൽ വരുന്നതോടെ ഫെസിലിറ്റേഷൻ സെന്ററുകൾ, ലേബർ ക്യാമ്പുകൾ, നിർമ്മാണസ്ഥലങ്ങൾ എന്നിവിടങ്ങൾക്ക് പുറമേ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തിൽ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമിടും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സന്നദ്ധ പ്രവർത്തകരുടെ സഹായം തേടും.
അതിഥി തൊഴിലാളികൾക്കുപുറമേ, അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. ലേബർ പബ്ലിസിറ്റി ഓഫീസർ: 9745507225