Kerala Savari Scheme

കേരള സവാരി പദ്ധതി

രാജ്യത്തിനാകെ മാതൃകയായ പദ്ധതിയാണ്  കേരള സവാരി. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസാണ് കേരള സവാരി(Kerala Savari Scheme).
നവ ഉദാരവൽക്കരണ നയങ്ങൾ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി.

പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുവേണ്ട നടപടികള്‍ സ്വികരിക്കുകയും ചെയ്യും.

 സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും. സവാരിയുടെ ആപ്പ് പ്ലേ സ്റ്റോറില്‍ (play store ) ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ(Kerala Savari app) പാനിക്ക് ബട്ടൺ (panic button) സംവിധാനമുണ്ട്. ഡ്രൈവർക്കോ യാത്രികർക്കോ പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് ഉപകരിക്കും.

കേരളാ സവാരി പദ്ധതിയില്‍  തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടും.കേരള സവാരിക്കു  വേണ്ടി ഒരു വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. https://keralasavaari.kerala.gov.in/

കേരള സവാരി പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് 17.08.2022 അർദ്ധരാത്രി മുതൽ പ്ലേസ്‌റ്റോറിൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. തിരുവനന്തപുരം നഗരസഭാ പരിധിയിൽ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 പേർ വനിതകളാണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.
പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.