തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിജയി പ്രഖ്യാപനം
തൊഴിലാളി ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് പിണറായി സർക്കാർ സ്വീകരിച്ചു പോരുന്നത്. അടിസ്ഥാന വർഗത്തെ ചേർത്തു പിടിക്കുന്ന നയങ്ങൾക്കും പദ്ധതികൾക്കുമാണ് സംസ്ഥാന സർക്കാർ പൊതുവിലും തൊഴിൽ വകുപ്പ് പ്രത്യേകിച്ചും ശ്രദ്ധ ചെലുത്തുന്നത്. സംഘടിതരും അസംഘടിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ എല്ലാ വിഭാഗം തൊഴിലാളികൾക്കും സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനും ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
അതിലേറെയും രാജ്യത്ത് മറ്റൊരിടത്തും കാണാത്തവയാണ്. നിലവിൽ സംസ്ഥാനത്ത് തൊഴിലാളി തൊഴിലുടമാ ബന്ധം ഏറെ സൗഹാർദ്ദപരമാണ്. തൊഴിൽ തർക്കങ്ങൾ ഇല്ലെന്നു തന്നെ പറയാവുന്ന തരത്തിൽ വിരളമാണ്. ഉദ്യോഗസ്ഥർ അർപ്പണ ബോധത്തോടെ ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടുകയും താമസംവിനാ പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. കേരളത്തെ വികസനസൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് നയിക്കുന്നതിൽ അഭിവാജ്യഘടകമാണ് ആരോഗ്യകരമായ തൊഴിലാളി തൊഴിലുടമാ ബന്ധം. അത്തരം ഊഷ്മളമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും തൊഴിലാളികൾക്കിടയിലും സംരംഭക മേഖലയിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനുമായി സർക്കാർ അവർക്കായി രണ്ട് മികച്ച പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരവും മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡും
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മികച്ച തൊഴിലാളികൾക്കും മികച്ച തൊഴിലിടങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തുന്നത്.
11 മേഖലകളിലെ മികച്ച തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് വജ്ര, സുവർണ പുരസ്‌കാരവും നൽകിവരുന്നുണ്ട്. തൊഴിൽ മേഖലകളിലെ മികവിന് തൊഴിൽ വകുപ്പ് നൽകിവരുന്ന അംഗീകാരമാണ് തൊഴിലാളി ശ്രേഷ്ഠ. തൊഴിലാളികൾക്കിടയിൽ നൈപുണ്യ മികവും ആരോഗ്യപരമായ മത്സരവും ഉയർത്തുകയാണ് തൊഴിലാളി ശ്രേഷ്ഠ അവാർഡിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലതുകയുള്ള അംഗീകാരം കൂടിയാണിത്. 2019 ലാണ് ആദ്യമായി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. അന്ന് 15 മേഖലകളിലെ മികവിനാണ് പുരസ്‌കാരം നൽകിയിരുന്നത്. ഇന്നത് 19 മേഖലകളിലായി ഉയർന്നിരിക്കുന്നു.
നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , ടെക്സ്റ്റൈൽ മിൽ , കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, ഈറ്റ,കാട്ടു വള്ളി തൊഴിലാളികൾ ), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി,മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ, ബാർബർ /ബ്യൂട്ടീഷൻ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിലാളികൾക്കാണ് ഇത്തവണ നാം തൊഴിലാളി ശ്രേഷ്ഠ അവാർഡ് നൽകുന്നത്.
തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല, റീജിയണൽ, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഇത്തവണ പതിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് (14998) അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയിൽ 5368 അപേക്ഷകർ അംഗീകരിക്കപ്പെട്ടു. ഇതിൽ ജില്ലാതലത്തിൽ 4876 തൊഴിലാളികളും, റീജിയണൽ തലത്തിൽ 238 തൊഴിലാളികളും അഭിമുഖത്തിന് ഹാജരായി. സംസ്ഥാനതലത്തിൽ 57 തൊഴിലാളികൾ പങ്കെടുത്തു.
ഇത്തവണത്തെ തൊഴിലാളി ശ്രേഷ്ഠ അവാർഡിന് അർഹരായവർ
1 ചെത്ത് തൊഴിൽ മേഖല – വിനോദൻ കെ വി ( കോഴിക്കോട് ജില്ല)
2 കയർ -സുനിത ( ആലപ്പുഴ)
3 നഴ്‌സിംഗ് മേഖല – രേഖ ആർ നായർ ( തിരുവനന്തപുരം)
4. സെയിൽസ് പേഴ്സൺ – ശ്രീ മോഹനൻ കെ എൻ, ആലപ്പുഴ
5 കരകൗശലം – മനോഹരൻ ( കണ്ണൂർ)
6 ചുമട്ടുതൊഴിലാളി – ഭാർഗവൻ ടി (കണ്ണൂർ)
7 കൈത്തറി വസ്ത്ര നിർമ്മാണം – അനിൽകുമാർ പി എ ( ആലപ്പുഴ)
8 തയ്യൽ തൊഴിലാളി – ജോയ്‌സി (വയനാട്)
9 മരംകയറ്റ തൊഴിലാളി – അരുൾ കറുപ്പുസ്വാമി (ഇടുക്കി)
10 മോട്ടോർ തൊഴിലാളി – പ്രസാദ് പി ബി ( പത്തനംതിട്ട)
11 ഗാർഹികതൊഴിലാളി – റീന കെ, കോഴിക്കോട്
12 സെക്യൂരിറ്റി ഗാർഡ് – പുഷ്പ വി ആർ ( എറണാകുളം)
13 മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്) ഈ മേഖലയിൽ നിന്നും തൊഴിലാളി ശ്രേഷ്ഠ കരസ്ഥമാക്കിയത് – ബ്രിജിത് ജോസഫ്( എറണാകുളം)
14 നിർമ്മാണ തൊഴിലാളി – അനിഷ് ബാബു കെ കണ്ണൂർ
15ഐടി – പ്രിയാ മേനോൻ ( തിരുവനന്തപുരം)
16 കശുവണ്ടി തൊഴിലാളി – കെ കുഞ്ഞുമോൾ ( കൊല്ലം)
17 ബാർബർ/ ബ്യൂട്ടീഷ്യൻ – ആർഷ പി രാജ് ( പത്തനംതിട്ട)
18 മത്സ്യത്തൊഴിലാളി – ഉസ്മാൻ ഇ കെ ( മലപ്പുറം)
19 തോട്ടം തൊഴിലാളി – ചിത്തിര രാജ് ( കൊല്ലം)
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്കും ഇത്തവണ യഥാക്രമം 10000,5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡ് നൽകുന്നുണ്ട്
തൊഴിൽ മേഖലകളും ഇടപെടലുകളും
ഗിഗ് തൊഴിലാളി
ഗിഗ് തൊഴിലാളികളുടെ ക്ഷേമങ്ങൾക്കായി സർക്കാർ പ്രത്യേകം പരിഗണന നൽകി വരികയാണ്.
ഇന്ന് സംസ്ഥാന തൊഴിൽമേഖലയുടെ അഭിവാജ്യഘടകമായി മാറികൊണ്ടിരിക്കുന്ന തൊഴിലാളി സമൂഹമാണ് ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ്. നിയതമായ തൊഴിൽ നിയമങ്ങളോ തൊഴിലാളി തൊഴിലുടമാ ബന്ധമോ നിലവിൽ ഈ മേഖലയില്ല. പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾക്ക് വിഭിന്നമായാണ് ഇവർ പ്രവർത്തിച്ചുവരുന്നത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമനിർമ്മാണവും ക്ഷേമപദ്ധതിയും നടപ്പിലാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ കൃത്യമായ സേവന വേതന വ്യവസ്ഥകൾ ഉറപ്പാക്കും. അഗ്രഗേറ്റർമാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഈ മേഖലയിലെ തൊഴിൽ തർക്കത്തിന് പ്രത്യേക തർക്കപരിഹാര സംവിധാനം രൂപീകരിക്കും. സാമ്പത്തികമായ എല്ലാ കൊടുക്കൽ വാങ്ങലുകളും നിയന്ത്രിക്കുന്നതിനും ഇ മോണിട്ടറിംഗ് സംവിധാനം ഉപയോഗിക്കും. തൊഴിലാളികൾക്ക് ആവശ്യമായ സാമുഹിക സുരക്ഷാ ക്ഷേമപദ്ധതികളും ഈ നിയമനിർമ്മാണത്തിന്റെ ഭാഗമായി നിലവിൽ വരും. ഇതോടെ ഈ രംഗത്തെ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
ഗാർഹിക തൊഴിലാളികൾ
ഇന്നത്തെ തൊഴിൽ മേഖലകളിൽ ഏറെ അസംഘടിതരും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നതുമായ മേഖലയാണ് ഗാർഹികതൊഴിലാളി മേഖല. ഗാർഹിക തൊഴിലാളികളുടെ ജോലി സുരക്ഷയും വിവിധ ആനുകൂല്യങ്ങളും ഉറപ്പു വരുത്തുന്നതിനുള്ള നിയമ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. ഇതിലൂടെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിക്കും, കൃത്യമായ വേതനം, അവധി, അവധി ശമ്പളം, അവശ്യമായ വിശ്രമം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം, പ്ലേസ്മെന്റ് ഏജൻസികൾ വഴിയുള്ള ചൂഷണം അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി ഏജൻസികളുടെ പ്രവർത്തനം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. തൊഴിലാളികൾക്ക് കൃത്യവും സുരക്ഷിതവുമായ താമസ സൗകര്യം, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തും. ഓൺലൈൻ പ്ലാറ്റ്ഫോം വഴി തൊഴിലാളി തൊഴിലുടമാ രജിസ്ട്രേഷൻ നടപ്പിൽ വരുത്തും.
പാർശ്വവൽക്കരിക്കപ്പെട്ട തൊഴിൽ മേഖലയായിരുന്ന ഗാർഹിക തൊഴിലാളി മേഖലയിലെ തൊഴിലാളികൾക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകിയത് ഇടതു സർക്കാരാണ്. അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകുന്ന ഗാർഹിക തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം, വിവാഹ ധനസഹായം, പ്രസവ ധനസഹായം, അവശതാ പെൻഷൻ, വിദ്യാഭ്യാസാനുകൂല്യം, ചികിത്സാ സഹായം, മരണാനന്തര ആനുകൂല്യം, അപകടാനുകൂല്യം തുടങ്ങിയവയ്ക്കുള്ള അർഹതയുണ്ട്. മറ്റ് പെൻഷനുകൾ ഇല്ലെങ്കിൽ ക്ഷേമപെൻഷനും യോഗ്യതയുണ്ട്. അംഗത്വ കാലയളവിൽ 10,000 രൂപവരെ ചികിത്സാ സഹായവും ലഭിക്കുന്നുണ്ട.
ചുമട്ട് തൊഴിൽ മേഖല
ഇന്ന് ഏറെ വെല്ലുവിളി നേരിടുന്ന ഒരു മേഖലയാണ് പരമ്പരാഗത ചുമട്ട് തൊഴിലാളി മേഖല. ചുമട്ടുതൊഴിൽ മേഖല കൂടുതൽ യന്ത്രവല്കൃതമാകുന്ന സാഹചര്യത്തിൽ നിലവിൽ ചുമട്ടുതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നത് വലിയ ഒരു പ്രശ്‌നമാണ് . സാരമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പുതുതായി ഉദയംകൊള്ളുന്ന തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പല തരത്തിലുള്ള വെല്ലുവിളികളും അരക്ഷിതാവസ്ഥയും പ്രദാനം ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പരമ്പരാഗതവും വിജ്ഞാനാധിഷ്ഠിതവുമായ ജോലികൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളും യോഗ്യതകളും ഉപയോഗിച്ച് തൊഴിലാളികളെ സജ്ജരാക്കേണ്ടതുണ്ട്. തൊഴിൽമേഖലകളെ നവീകരിക്കുന്നതിനും മാറുന്ന കാലത്തിനൊപ്പം ചേരാനുള്ള കഴിവുകൾ തൊഴിലാളികൾക്കും ലഭ്യമാക്കുന്ന പദ്ധതികളാണ് ഇതിന്റെ ഫലമായി ആവിഷ്‌കരിച്ചുപോരുന്നത്. അതിൽ പ്രധാനമാണ് നവശക്തി നൈപുണ്യ വികസന പദ്ധതി. ചുമട്ടു തൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും കയറ്റിറക്കത്തിന് പുതിയ കാലത്ത് ഉപയോഗിക്കുന്ന ക്രെയിൻ പോലുള്ള എല്ലാ ആധുനിക ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയാണിത്.
ക്ഷേമനിധി ബോർഡുകളിൽ സ്‌പെഷ്യൽ റൂൾ
രാജ്യത്തിന് മാതൃകയായ തരത്തിലാണ് സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകൾ പ്രവർത്തിച്ചു വരുന്നത്. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പിന് കീഴിൽ മാത്രം 16 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനത്തിൽ 70 ലക്ഷം അംഗങ്ങളാണുള്ളത്. അവർക്ക് പെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള ആനുകൂല്യങ്ങൾ, ജോലി ഇല്ലാതാവുന്നതും ജോലിചെയ്യാൻ സാധിക്കാത്തതുമായ സാഹചര്യങ്ങളിലെ സഹായധനങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിവരുന്നു. അസംഘടിതരായ തൊഴിലാളികൾക്കുള്ള ക്ഷേമനിധി സംവിധാനവും കേരളത്തിൽ നിലവിലുണ്ട്. ഈ സർക്കാർ നിലവിൽ വന്ന ശേഷം വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുബങ്ങൾക്കും ഇതുവരെ 2764.37 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി. മരംകയറ്റ തൊഴിലാളി ധനസഹായ പദ്ധതി പ്രകാരം 3,37,50,000 രൂപയുടെ ധനസഹായവും, മരംകയറ്റ തൊഴിലാളിഅവശതാ പെൻഷൻ പദ്ധതി പ്രകാരം 6,81,32,100 രൂപയുടെ ധനസഹായവും നൽകിയിട്ടുണ്ട്. നാലു ബോർഡുകളിൽ ഇതിനോടകം സ്‌പെഷ്യൽ റൂൾ നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ബോർഡുകളിൽ സെപഷ്യൽ റൂൾ രൂപീകരണം സംബന്ധിച്ച പ്രൊപ്പോസലുകൾ സർക്കാരിന്റെ പരിഗണനയിലാണ്. ക്ഷേമനിധി ബോർഡുകളുടെ സംയോജനവുമായി ബന്ധപ്പെട്ട നടപടികളും അന്തിമഘട്ടത്തിലാണ്.
ഗ്രാറ്റുവിറ്റി അദാലത്ത്
സംസ്ഥാനത്ത് ഗ്രാറ്റുവിറ്റി കേസുകളിൽ അടിയന്തിര തീരുമാനമെടുക്കാൻ സർക്കാർ അദാലത്ത് സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും പൊതു അദാലത്ത് സംഘടിപ്പിക്കുന്നതിനാണ് തീരുമാനം . വ്യവസായ തർക്ക നിയമപ്രകാരമുള്ള തൊഴിൽ തർക്കങ്ങൾ, ഗ്രാറ്റുവിറ്റി,
ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് അപ്പീൽ (സ്റ്റാന്റിംഗ് ഓർഡർ) എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്ക് പ്രഥമപരിഗണന നൽകി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനം
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെയായി സർക്കാർ എയിഡഡ് വിദ്യാലയങ്ങളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി., എച്ച്.എസ്.ടി., എച്ച്.എസ്.എസ്.ടി. (ജൂനിയർ), എച്ച്.എസ്.എസ്.ടി. (സീനിയർ) വിഭാഗങ്ങളിലായി നിയമനം നൽകാൻ സാധിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം
സർക്കാർ മേഖല
1. എൽ.പി.എസ്.ടി.- 5,919
2. യു.പി.എസ്.ടി. – 3,681
3. എ്ച്ച്.എസ്,ടി. – 3,916
4. എച്ച്.എസ്.എസ്.ടി. (ജൂനിയർ)- 1133
5. എച്ച്.എസ്.എസ്.ടി. (സീനിയർ) – 110
14,759 – هه
എയ്‌ഡഡ് മേഖല
1. എൽ.പി.എസ്.ടി.- 5,367
2. യു.പി.എസ്.ടി – 4,970
3. എച്ച്.എസ്.ടി. – 3,839
4. എച്ച്.എസ്.എസ്.ടി. (ജൂനിയർ)- 518
5. എച്ച്.എസ്.എസ്.ടി. (സീനിയർ)- 820
ആകെ 15,514
അങ്ങിനെ ആകെ മൊത്തം – 30,273 പേരെ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമിച്ചു.